
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മദ്യനയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ മാറ്റം വരുത്തി സർക്കാർ. മദ്യനയത്തിന്റെ കരട് ആദ്യം മുഖ്യമന്ത്രിക്ക് കൈമാറുമെന്ന മുൻ തീരുമാനം തിരുത്തി, യുഡിഎഫ് ഉപസമിതിയിൽ ചർച്ച ചെയ്തശേഷം മുന്നോട്ടുപോകാനാണ് പുതിയ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
കോൺഗ്രസ് നേതാവായിരിക്കും ഉപസമിതിയുടെ അധ്യക്ഷൻ. ആരെ ഈ സ്ഥാനത്തേക്ക് നിയോഗിക്കണമെന്ന കാര്യത്തിൽ കെപിസിസി പ്രസിഡന്റ് തീരുമാനമെടുക്കും. യുഡിഎഫിലെ മറ്റ് ഘടകകക്ഷികൾക്കും സമിതിയിൽ പ്രാതിനിധ്യമുണ്ടാകും.
ഈ മാസം 30നു മുൻപ് പുതിയ മദ്യനയം പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനുള്ളിൽ കരട് നയത്തിൽ മുന്നണിതല ചർച്ചകൾ പൂർത്തിയാക്കും.
അതിനിടെ, മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മന്ത്രിമാർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് മദ്യനയത്തിന്റെ കാര്യത്തിലും നിർണായക മാറ്റമുണ്ടായത്. സർക്കാരിലെ പല പ്രധാനപ്പെട്ട വിഷയങ്ങളും അറിയുന്നില്ലെന്ന പരാതിയുമായി മന്ത്രിമാർ രംഗത്തെത്തിയിരുന്നു.










